ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേട് ആരോപിച്ചും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളും അതിനെ നേരിടാൻ അധികൃതർ സ്വീകരിക്കുന്ന നടപടികളും രാജ്യാന്തര തലത്തിലും വലിയ വാർത്താപ്രാധാന്യം നേടുന്നു.
ബിബിസി, സിഎൻഎൻ, ദി ഗാർഡിയൻ, ഫ്രാൻസ് 24, ല് മോന്ത്, അൽ ജസീറ, എൻപിആർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഡൽഹിയിലെ സംഭവവികാസങ്ങൾ വളരെ വിശദമായാണു റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹി നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളും മെട്രോ സ്റ്റേഷനുകളുടെ അടച്ചുപൂട്ടലും ഇന്റർനെറ്റ് നിയന്ത്രണങ്ങളും ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ആഗോളതലത്തിൽ വഴിതുറന്നിട്ടുണ്ട്.
നരേന്ദ്ര മോദി സർക്കാരിനുമുന്നിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായാണ് ഈ ജനകീയ മുന്നേറ്റത്തെ ആഗോളമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കു കാരണമായ പ്രതിഷേധങ്ങൾക്കുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ പ്രക്ഷോഭമായും അവർ ഇതിനെ വിലയിരുത്തുന്നു.
മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ
ന്യൂഡൽഹി: പ്രതിഷേധത്തിനിടെ മാധ്യമ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തെന്നു റിപ്പോർട്ട്. ഹിന്ദി ദിനപത്രമായ നവഭാരത് ടൈംസിന്റെയും ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോമുകളായ സ്ക്രോൾ ഡോട്ട് ഇന്നിന്റെയും ന്യൂസ് ലോൻഡ്രിയുടെയും മലയാളം ടെലിവിഷൻ ചാനലായ റിപ്പോർട്ടറിന്റെയും മാധ്യമ പ്രവർത്തകർ ഇവരിൽപ്പെടും.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ഇവർ പ്രസ് ഐഡി കാർഡുകൾ ധരിച്ചിരുന്നെങ്കിലും പൊലിസ് ബലമായി ഇവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് ആരോപണം. സ്വതന്ത്ര മാധ്യമപ്രവർത്തകരും കസ്റ്റഡിയിലായിട്ടുണ്ട്. സ്ക്രോൾ ഡോട്ട് ഇന്നിന്റെ ഒരു റിപ്പോർട്ടറെ പ്രതിഷേധ സ്ഥലത്തുനിന്ന് വളരെ അകലെ ടാക്സിക്കുവേണ്ടി കാത്തിരിക്കുമ്പോഴാണ് പൊലിസ് കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ചു.